Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
‘ഡ്രൈവര്‍ക്ക് പത്തു വര്‍ഷം പ്രവൃത്തി പരിചയം, വേഗതയില്‍ നിയന്ത്രണം, സീറ്റിങ് കപാസിറ്റി അനുസരിച്ച്‌ കുട്ടികള്‍’ സ്‌കൂള്‍ ബസുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ.

കണ്ണൂർ: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച്‌ മോട്ടോർ വാഹനവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന എട്ട് സീറ്റും അതിൽ കൂടുതലുമുള്ള വാഹനങ്ങളെയാണ് എജ്യുക്കേഷന് ഇന്സ്റ്റിറ്റിയൂഷൻ ബസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ മുമ്പിലും പുറകിലും എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ ബസ് എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.

സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ‘ON SCHOOL DUTY ” എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്കൂൾ മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ പരമാവധി 50 കിലോമീറ്ററും. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തുവർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

*മറ്റു നിർദേശങ്ങൾ ഇങ്ങനെ*

ഡ്രൈവർമാർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻസും കൂടാതെ ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം.

ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച്‌ വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്

ജി.പി.എസ് സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കണം.’സുരക്ഷമിത്ര’ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കണം.
‘വിദ്യാ വാഹന്’ ആപ്പില് രക്ഷാകർ ത്താക്കൾക്കുള്ള അനുമതി നല്കണം.

വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റന്ഡർമാർ (ആയമാര് ) എല്ലാ ബസ്സിലും ഉണ്ടായിരിക്കണം.

സീറ്റിങ് കപ്പാസിറ്റി അനുസരിച്ച്‌ മാത്രമേ വാഹനത്തില് കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കില് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം.

ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് , ബോർഡിങ് പോയിന്റ് രക്ഷിതാവിന്റെ പേര് അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തില് പ്രദർശിപ്പിക്കണം.

ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം

ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കേണ്ടതും അത് സ്കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതുമാണ്.

വാഹനത്തിന്റെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ ഘടിപ്പിക്കണം.

സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം.

ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനധ്യാപകനെയോ റൂട്ട് ഓഫിസർ ആയി നിയോഗിക്കണം.

സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..