ജനകീയ പങ്കാളിത്തത്തോടെ ചൊക്ലിയില്‍ സാക്ഷാത്കരിച്ച ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രം 26ന് ഉച്ചക്ക് രണ്ട് മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യയും മെഡിക്കല്‍ ഓഫീസർ ഡോ.എം.നീതുവും വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.75 കോടി രൂപയും എല്‍.എസ്.ജി.ഡി. ഫണ്ട് 70 ലക്ഷം രൂപയും എൻ.എച്ച്.എം.
അനുവദിച്ച 15 ലക്ഷം രൂപയും ആശുപത്രിക്കായി മാറ്റിയ അവസരത്തില്‍ 15 ദിവസം കൊണ്ട് ജനകീയമായി കണ്ടെത്തിയ 62 ലക്ഷം രൂപയും മുതല്‍ക്കൂട്ടായി. ലബോറട്ടറി, ഫിസിയോ തെറാപ്പി യൂണിറ്റ്, ഒ.പി., വയോജന പാർക്ക്, ചില്‍ഡ്രൻസ് പാർക്ക്, തുടങ്ങിയ സൗകര്യങ്ങളും സംവിധാനങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാണ്. കെ.എം. പവിത്രൻ, പി.കെ.യൂസഫ് എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.