Zygo-Ad

അശാസ്ത്രീയ മാലിന്യ സംസ്കരണം: തൃപ്രങ്ങോട്ടൂരിൽ എൻഫോഴ്സ്മെന്റ് പരിശോധന, സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി


തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശക്തമായ പരിശോധന നടത്തി. അശാസ്ത്രീയ മാലിന്യ സംസ്കരണം, മലിനജലം ഓടയിലേക്ക് ഒഴുക്കിവിടൽ, ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടൽ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് വിവിധ സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് പിഴ ചുമത്തി.

കല്ലിക്കണ്ടി ടൗണിൽ പ്രവർത്തിക്കുന്ന കെപിഎച്ച് ഷോപ്പിങ് സെന്റർ, ഇകെ സ്റ്റോർ, ചെറ്റക്കണ്ടിയിൽ വിജിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സ് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്. കെപിഎച്ച് ഷോപ്പിങ് സെന്ററിലെ ടാങ്കിൽനിന്നുള്ള മലിനജല ചോർച്ച എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് എൻഫോഴ്സ്മെന്റ് സംഘം അടിയന്തര നിർദ്ദേശം നൽകി.

എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്ക്വാഡ് അംഗങ്ങളായ പി എസ് പ്രവീൺ, ഷാലിഖ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രാഖി എന്നിവരും പരിശോധന സംഘത്തിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ മാലിന്യ നിക്ഷേപം തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ