പാനൂർ: ചമ്പാടിന് പിന്നാലെ മൊകേരി മാക്കൂൽപീടികയിലും മോഷ്ടാവിന്റെ അക്രമം. രാത്രി കടപൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കായി നാട്ടുകാരും പൊലീസും അന്വേഷണം ഊർജിതമാക്കി.
തങ്ങൾപീടികയിലെ വലിയപറമ്പത്ത് ഹമീദ് രാത്രി കട പൂട്ടി മടങ്ങുന്നതിനിടയിലാണ് മോഷണശ്രമത്തിനെത്തിയ ആളെ ശ്രദ്ധയിൽപ്പെട്ടത്. ചോദ്യം ചെയ്തതിന് പിന്നാലെ വലിയ കല്ല് ഉപയോഗിച്ച് ഇയാൾ ഹമീദിനെതിരെ ആക്രമണത്തിന് മുതിർന്നു. എന്നാൽ ഹമീദ് ഒഴിഞ്ഞുമാറിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് പ്രതി സമീപത്തെ പറമ്പിലേക്ക് ഓടിമറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പാനൂർ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മാക്കൂൽപീടിക ജുമാ മസ്ജിദ് മഖാമിന്റെ പൂട്ട് തകർത്ത് ഭണ്ഡാരത്തിൽ നിന്നും പണം കവർന്നതും സമീപത്തെ പെട്രോൾ പമ്പിന് സമീപമുള്ള കടയുടെ ഷട്ടർ തകർക്കാൻ ശ്രമിച്ചതും ഇതേ മോഷ്ടാവാണെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാനൂർ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
