Zygo-Ad

കുന്നോത്തുപറമ്പിൽ തെരുവ് നായയുടെ അക്രമം: വിദ്യാർത്ഥിയും വീട്ടമ്മയുമടക്കം ഏഴ് പേർക്ക് കടിയേറ്റു


പാനൂർ: പാനൂരിന്റെ കിഴക്കൻ മേഖലയായ കുന്നോത്തുപറമ്പിൽ ഭീതിവിതച്ച് തെരുവ് നായയുടെ പരാക്രമം. പ്രകോപനവുമില്ലാതെ ഓടിയെത്തിയ ഒരേ തെരുവ് നായയുടെ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയും വീട്ടമ്മയും വയോധികരും ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു. പരിക്കേറ്റവരെല്ലാം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിച്ച് കുത്തിവെപ്പ് അടക്കമുള്ള അടിയന്തര ചികിത്സ തേടി.

കോടഞ്ഞേരിന്റവിട കുമാരൻ (65), ഷാജി (43), രാജേഷ് (50), വിജയലക്ഷ്മി (57), പുത്തൂർ സ്വദേശി രാജൻ (65), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 12 വയസ്സുകാരൻ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് കടിയേറ്റത്. കൃഷിപ്പണിക്ക് പോകുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ നായയുടെ കടിയേറ്റ കുമാരന്റെ പരിക്ക് ഗുരുതരമാണ്. ഇയാളുടെ മുഖത്തും ശരീരത്തിലും നായ ആഴത്തിൽ കടിച്ച മുറിവുകളുണ്ട്.

വീടിനുള്ളിൽ കഴിയുന്നവർക്കും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടമ്മയായ വിജയലക്ഷ്മിയെ വീട്ടിനകത്ത് കയറിയാണ് നായ ആക്രമിച്ചത്. തെരുവ് നായ ആക്രമിക്കാനെത്തിയപ്പോൾ വടിയെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ച പുത്തൂർ സ്വദേശി രാജനെ വടി ഒടിഞ്ഞതോടെ നായ കൂടുതൽ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുന്നോത്തുപറമ്പിലും പരിസരപ്രദേശങ്ങളിലും നായ ഭീതി വിതയ്ക്കുന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ