കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ടോടെ കരിയാട് ഭാരതിപുരം ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് സംഭവം.
സ്കൂട്ടറിലെത്തിയ രണ്ടു യുവാക്കൾ കാഞ്ഞിരക്കടവ് മീനാക്ഷി മുക്കിൽ ഇറക്കാമെന്ന് പറഞ്ഞ് കുട്ടിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. എന്നാൽ പറഞ്ഞ സ്ഥലത്ത് വാഹനം നിർത്താതെ അമിതവേഗതയിൽ കാഞ്ഞിരക്കടവ് പാലവും കടന്ന് കുന്നുമ്മക്കര ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു എന്ന് കുട്ടി പറഞ്ഞു. തുടർന്ന് കുന്നുമ്മക്കര ജംഗ്ഷനിൽ വെച്ച് സ്കൂട്ടറിന്റെ വേഗത കുറഞ്ഞപ്പോൾ കുട്ടി വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ചൊക്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്കൂട്ടർ അമിതവേഗതയിൽ പോകുന്ന ദൃശ്യങ്ങൾ സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
