Zygo-Ad

നാദാപുരം, ചെക്യാട് മേഖലകൾക്ക് പിന്നാലെ അഴിയൂർ കോറോത്ത് റോഡിലും പുലി എത്തിയതായി അഭ്യൂഹം; തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ്


നാദാപുരം: നാദാപുരം–ചെക്യാട് മേഖലകളിൽ കണ്ടതായി പറയുന്ന പുലി അഴിയൂർ കോറോത്ത് റോഡ് ഭാഗത്തും എത്തിയതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തുടർന്ന് പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മേഖലയിൽ പരിശോധനയും തിരച്ചിലും തുടങ്ങി.

നാദാപുരം, ചെക്യാട് ഭാഗങ്ങളിൽ പുലിയെ കണ്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ അഴിയൂർ കോറോത്ത് റോഡ് ഭാഗത്തും പുലിയെ കണ്ടതായി പ്രദേശവാസികൾക്കിടയിൽ വിവരങ്ങൾ പ്രചരിച്ചത്. തുടർന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ ആരംഭിച്ചത്.

എന്നാൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള വ്യക്തമായ തെളിവുകളോ കാലടയാളങ്ങളോ നിലവിൽ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനാൽ വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പുലിയെ കണ്ടാൽ അടുത്തേക്ക് പോകാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.



വളരെ പുതിയ വളരെ പഴയ