പാനൂർ: പാനൂർ ബൈപ്പാസ് റോഡ് നവീകരണം അനന്തമായി നീളുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ. നിർമ്മാണ പ്രവൃത്തികൾ വച്ചുതാമസിപ്പിക്കുന്നതിൽ രോഷാകുലരായ നാട്ടുകാർ പാനൂർ നഗരസഭ സെക്രട്ടറിയെയും അസിസ്റ്റന്റ് എഞ്ചിനീയറെയും നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.
റോഡിലെ കുഴികളും തകർച്ചയും കാരണം ദീർഘനാളായി യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റോഡ് നവീകരണത്തിനായി തുക അനുവദിച്ചിട്ടും കരാർ നടപടികളും നിർമ്മാണ പ്രവൃത്തികളും വൈകുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രദേശവാസികളുടെയും വാഹന ഡ്രൈവർമാരുടെയും യാത്ര അങ്ങേയറ്റം ദുഷ്കരമായ സാഹചര്യത്തിൽ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ കൂടുതൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. എന്നാൽ ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായും വിവരമുണ്ട്.
