പാനൂർ: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. അരയാക്കൂൽ സ്വദേശികളായ ജന്മിന്റവിട ബിജു, ടി.പി. പ്രിയേഷ്, എം.കെ. വിഷ്ണു, കെ. സുഹാസ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ അരയാക്കൂൽ - മൊകേരി റോഡിൽ വെച്ച് എൻ.പി. മെൽവിന് നേരെയാണ് ആക്രമണമുണ്ടായത്. പിടിയിലായവർ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പാനൂർ സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ എസ്.ഐ. വി.പി. മുഹമ്മദ് ഷജീർ, സി.പി.ഒമാരായ സജിൽ കൃഷ്ണ, റഷിൻ, സരിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
