Zygo-Ad

പാനൂർ, തലശ്ശേരി പോലീസ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിർത്തിവെച്ചു; നിയന്ത്രണം കണ്ണൂരിലേക്ക്, ക്രമസമാധാന പരിപാലനത്തിൽ ആശങ്ക


പാനൂർ: പാനൂർ, തലശ്ശേരി മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് സുരക്ഷാ നിയന്ത്രണ സംവിധാനം കണ്ണൂരിലേക്ക് മാറ്റി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കൺട്രോൾ റൂമുകളിലെ ജീവനക്കാരെയും വാഹനങ്ങളെയും കണ്ണൂരിലേക്ക് മാറ്റിയത്.

മുമ്പ് 24 മണിക്കൂറും പട്രോളിങ് നടത്താൻ ഈ മേഖലകളിൽ പ്രത്യേക കൺട്രോൾ റൂം വാഹനങ്ങളും ജീവനക്കാരും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വാഹനങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചിരുന്നു. നിലവിൽ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികൾക്ക് ഒരു കൺട്രോൾ റൂം വാഹനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

കൺട്രോൾ റൂം പൂർണ്ണമായും കണ്ണൂരിലേക്ക് മാറ്റിയതോടെ രാഷ്ട്രീയ സംഘർഷ സാധ്യത നിലനിൽക്കുന്ന പാനൂർ, തലശ്ശേരി മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ പോലീസ് എത്തുന്നതിന് കാലതാമസമുണ്ടാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. പാനൂരിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം കെട്ടിടം സി.ഐ ഓഫീസായി മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് വിവരം.

കൺട്രോൾ റൂം സേവനം നിർത്തലാക്കിയതിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. മുൻ മന്ത്രി കെ.പി. മോഹനന്റെ മുൻകൈയ്യിൽ 2015 സെപ്റ്റംബർ 29-നാണ് പാനൂരിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിരുന്നത്.



വളരെ പുതിയ വളരെ പഴയ