Zygo-Ad

78-ാം വയസ്സിൽ ബി.എ. ബിരുദം നേടി രമണി ടീച്ചർ


പാനൂർ: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് 78-ാം വയസ്സിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി.എ. ഹിസ്റ്ററി ബിരുദം നേടി പാനൂർ കനകമല സ്വദേശിനി കെ. രമണി ടീച്ചർ. കനകമല വാർഡിൽ കനകതീർത്ഥത്തിന് സമീപം വലിയപറമ്പത്ത് താമസിക്കുന്ന രമണി ടീച്ചർ അധ്യാപനരംഗത്ത് ദീർഘകാലം പ്രവർത്തിച്ച് വിരമിച്ച ശേഷമാണ് ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം പൂർത്തിയാക്കിയത്.

2004-ൽ ഒളവിലം നോർത്ത് എൽ.പി. സ്കൂളിൽ നിന്ന് വിരമിച്ച ടീച്ചർ 31 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിരുദ പഠനത്തിലേക്ക് കടന്നത്. ആറ് സെമസ്റ്ററുകളിലായി പഠനം പൂർത്തിയാക്കിയാണ് 2026-ൽ ബി.എ. ഹിസ്റ്ററി ബിരുദം കരസ്ഥമാക്കിയത്. കൂത്തുപറമ്പിലെ പവിത്രൻ മാസ്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് പഠനത്തിൽ ഏറെ സഹായകമായതെന്ന് ടീച്ചർ പറഞ്ഞു.

പരേതനായ കെ.പി. വാസുമാസ്റ്ററുടെ ഭാര്യയായ രമണി ടീച്ചർക്ക് നാല് മക്കളുണ്ട്. ബിരുദനേട്ടത്തിന് ശേഷം ബിരുദാനന്തര ബിരുദം കൂടി നേടണമെന്ന ആഗ്രഹത്തിലാണ് ഈ 78-കാരി.



വളരെ പുതിയ വളരെ പഴയ