ചൊക്ലി: പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു. കരിയാട് പുളിയനമ്പ്രത്തെ 'ശിവപ്രിയ'ത്തിൽ എ. ജിഗീഷിന്റെ മകനാണ് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ശിവസൂര്യ.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ വീട്ടിൽ നിന്ന് കാണാതായത്. കാശിയിലേക്ക് പോവുകയാണെന്നും ഇനിയുള്ള കാലം ദൈവത്തോടലിയുമെന്നും കുറിച്ചുവെച്ച ശേഷമാണ് കുട്ടി ഇറങ്ങിപ്പോയത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് പിതാവ് ഫോൺ പിടിച്ചുവെച്ചതിൽ വിഷമിച്ചാണ് യാത്രയെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നാലിന് സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗം ചേരും.
