Zygo-Ad

കുന്നോത്തുപറമ്പിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം: എൻഫോഴ്സ്മെന്റ് പരിശോധനയിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

 


കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തി. പഞ്ചായത്തീരാജ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് അധികൃതർ സ്വീകരിച്ചത്.

ഹരിതകർമസേനയ്ക്ക് മുഴുവനായി അജൈവമാലിന്യം കൈമാറാതെ സിമന്റ് ചാക്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടതിനും മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിനുമായി കുന്നോത്തുപറമ്പിലെ ഫാൽക്കൺ ഹോളോ ബ്രിക്സ് എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. പരിസരത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സ്വന്തം ചെലവിൽ തിരികെ എടുത്ത് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും സ്ഥാപനത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ മീത്തലെ കുന്നോത്തുപറമ്പിലെ കെ കെ ജി സ്റ്റോറിൽ ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് സൂക്ഷിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് ആയിരം രൂപയും പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൻഫോഴ്സ്മെന്റ് സംഘം അറിയിച്ചു.


വളരെ പുതിയ വളരെ പഴയ