പാനൂർ : ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കണ്ണൂർ പാനൂരിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. പാനൂർ സ്വദേശിയായ ദാമോദരനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. അയൽവാസിയായ പാനൂർ വിളങ്ങാട് സ്വദേശി സുന്ദരന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.
കേന്ദ്രസർക്കാരിൽ ഉയർന്ന സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇയാൾ പണം കൈപ്പറ്റിയത്. തട്ടിപ്പിന് വിശ്വസനീയത കൂട്ടാൻ ഐഎഎസ് ഉദ്യോഗസ്ഥരെന്ന വ്യാജേന രണ്ട് പേർ ദാമോദരനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് വ്യക്തമായതോടെയാണ് ഇരയായ കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാനൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
