പാനൂർ: കല്ലിക്കണ്ടി - തൂവ്വക്കുന്ന് റോഡിൽ വിവാഹ പാർട്ടിയുടെ അകമ്പടി വാഹനത്തിൽ നിന്നും പടക്കം കത്തിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ കൊളവലൂർ പോലീസ് നടപടിയെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട KL 58 BH 8118 എന്ന നമ്പറിലുള്ള ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനം കടന്നുപോകുന്നതിനിടെ ഒരു സംഘം യുവാക്കൾ പടക്കം കത്തിച്ച് റോഡിലേക്ക് എറിയുകയായിരുന്നു. ഇത് മറ്റ് യാത്രക്കാരിലും നാട്ടുകാരിലും വലിയ പരിഭ്രാന്തി പരത്തി. തുടർന്ന് യാത്രക്കാർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയും, പിന്നീട് മുതിർന്നവർ ഇടപെട്ട് രംഗം തണുപ്പിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വടക്കെ പൊയിലൂർ സ്വദേശി വടക്കയിൽ നിധിൻ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊളവലൂർ പോലീസ് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തത്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിനും പരിഭ്രാന്തി സൃഷ്ടിച്ചതിനുമെതിരെയാണ് പോലീസ് നടപടി.
