ചൊക്ലി: തുടർച്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജിന് സമീപം വൻ മണ്ണിടിച്ചിൽ ഉണ്ടായി. കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്കുള്ള പ്രധാന പ്രവേശന വഴിയിലാണ് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെയും കോളേജ് കെട്ടിടത്തിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.
ശക്തമായ മഴ തുടരുന്നതിനാൽ മണ്ണ് കൂടുതൽ ഇളകിയ നിലയിലാണെന്നും ഇനിയും വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു. ഇതോടെ ഹോസ്റ്റലിലേക്കുള്ള യാത്രയും അപകടസാധ്യത നിറഞ്ഞതായി മാറിയിട്ടുണ്ട്.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് കോളേജ് അധികൃതർ പരാതി നൽകി. അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.