Zygo-Ad

മഴക്കെടുതി: അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് പാനൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

 


പാനൂർ: കനത്ത മഴ തുടരുകയും വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മരങ്ങൾ കടപുഴകി വീഴുന്നതുമടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനായി പാനൂർ നഗരസഭ കൺട്രോൾ റൂം തുറന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പരാതികൾ അതിവേഗം സ്വീകരിച്ച് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, റോഡുകളിൽ മരം വീഴൽ, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, മണ്ണിടിച്ചിൽ സാധ്യത, വൈദ്യുതി തടസ്സം തുടങ്ങിയ വിഷയങ്ങൾ ഉടൻ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് പാനൂർ നഗരസഭാധ്യക്ഷ നാഷത്ത് കൂടത്തിൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭാ ജീവനക്കാരും ആരോഗ്യവിഭാഗം, ശുചീകരണ വിഭാഗം, ദുരന്തനിവാരണ സമിതി അംഗങ്ങൾ എന്നിവരും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരിതസാധ്യതയുള്ള മേഖലകൾ പ്രത്യേക നിരീക്ഷണത്തിലാണ്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനയാത്ര നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും നഗരസഭ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യം നേരിടുന്നവർ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് ആവശ്യമായ സഹായം തേടണമെന്നും നഗരസഭ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ