Zygo-Ad

ഓപ്പറേഷൻ തൂഫാൻ : പാനൂർ- തലശ്ശേരി മേഖലകളിൽ എം.ഡി.എം.എ എത്തിക്കുന്ന പ്രധാനകണ്ണി പിടിയിൽ; അറസ്റ്റ് ബംഗളൂരുവിൽ നിന്ന്

 


തലശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ വിതരണ ശൃംഖലയിലെ മുഖ്യപ്രതിയായ യുവാവ് അറസ്റ്റിലായി. തലശേരി ചിറക്കരയിലെ പുതിയ കുറുകൻ കണ്ടി മുജിതാബ (28) ആണ് പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തലശേരി പോലീസ് സാഹസികമായാണ് പിടികൂടിയത്.

കണ്ണൂർ, തലശേരി ഡാൻസഫ് ടീമുകളും തലശേരി എ.എസ്.പി സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം ന്യൂമാഹിയിൽ നിന്ന് 0.86 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിറക്കരയിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് സമീൽ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് എം.ഡി.എം.എ ശൃംഖലയിലെ പ്രധാന കണ്ണി മുജിതാബയാണെന്ന് പോലീസിന് മനസ്സിലായത്.

ആവശ്യക്കാർ നേരിട്ട് പണം കൈമാറുകയും തുടർന്ന് ഇടനിലക്കാർ വഴി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മയക്കുമരുന്ന് നിക്ഷേപിച്ച് അതിന്റെ ലൊക്കേഷൻ ഉപഭോക്താക്കൾക്ക് കൈമാറുകയും ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് ഹരിയാന ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന മറ്റൊരു കേസിലും ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കായി ഡൽഹിയിലും ബംഗളൂരുവിലും അന്വേഷണം തുടരുകയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തലശേരി എ.എസ്.പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.


വളരെ പുതിയ വളരെ പഴയ