പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പാനൂർ ടൗണിൽ നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി.
പാനൂർ ബസ്റ്റാൻഡിന് എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ റോയൽ എൻ്റർപ്രൈസസിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കട പ്രവർത്തിക്കുന്ന കോംപ്ലക്സിലെ സ്റ്റെയർകേസ് മുറിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ആറുമാസം മുൻപും ഇതേ സ്ഥാപനത്തിൽ നിന്നും ഒരു ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തിയിരുന്നു.
കുറ്റം രണ്ടാം തവണയും ആവർത്തിച്ച സാഹചര്യത്തിലാണ് 25000 രൂപ പിഴ ചുമത്തി നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ സ്ക്വാഡ് പാനൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ് എം എന്നിവർ പങ്കെടുത്തു.
