Zygo-Ad

എലിത്തോടിൽ വീണ്ടും കരയിടിഞ്ഞു; ലീലയുടെ വീട് അപകടാവസ്ഥയിൽ, നഗരസഭാ ചെയർപേഴ്‌സണും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

പാനൂർ: മയ്യഴി പുഴയുടെ കൈവഴിയായ എലിത്തോടിന്റെ വരപ്രത്ത് ഭാഗത്ത് കനത്ത മഴയെ തുടർന്ന് വീണ്ടും കരയിടിച്ചിൽ. പാനൂർ നഗരസഭ 17-ാം വാർഡിൽ പുല്ലൂക്കരയിലെ ആറുതെങ്ങുള്ളതിൽ ലീലയുടെ വീടിന്റെ പരിസരത്താണ് കരയിടിഞ്ഞ് വീട് അപകടാവസ്ഥയിലായത്. കരയിടിച്ചിലിൽ പറമ്പിലുണ്ടായിരുന്ന തെങ്ങുൾപ്പെടെ പുഴയിലേക്ക് പതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും ഇതേ ഭാഗത്ത് രൂക്ഷമായ കരയിടിച്ചിൽ ഉണ്ടായിരുന്നു. ഇതിന് സമീപത്തുള്ള പുരത്തറയുള്ളതിൽ ഭാഗത്ത് നിലവിൽ സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അവിടെ നിർമ്മിച്ച ഭിത്തിയുടെ ബാക്കി ഭാഗം കൂടി ആറുതെങ്ങുള്ളതിൽ വരെയെത്തുന്ന രീതിയിൽ നീട്ടി നിർമ്മിച്ചാൽ മാത്രമേ ഇപ്പോഴത്തെ കരയിടിച്ചിൽ തടയാനും ലീലയുടെ വീട് സുരക്ഷിതമാക്കാനും സാധിക്കൂ എന്നാണ് വിലയിരുത്തൽ.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാനൂർ നഗരസഭാ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി എന്നിവരുടെ നേതൃത്വത്തിൽ ജലസേചന വകുപ്പ് എഞ്ചിനീയർമാരായ വികാസ്, മഞ്ജുള എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംരക്ഷണഭിത്തി നിർമ്മാണത്തിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.


landslide-at-elithode-leaves-house-in-danger-panoor-officials-visit-site

വളരെ പുതിയ വളരെ പഴയ