പാനൂർ: പാനൂർ നഗരസഭാ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 60 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
പാനൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘റോയൽ എന്റർപ്രൈസസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കോംപ്ലക്സിലെ സ്റ്റെയർകേസ് മുറിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പ്ലാസ്റ്റിക് ശേഖരം.
ആറു മാസം മുൻപും ഇതേ സ്ഥാപനത്തിൽ നിന്ന് ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർച്ചയായി രണ്ടാം തവണയും നിയമലംഘനം ആവർത്തിച്ച സാഹചര്യത്തിൽ സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴ ചുമത്തി. ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരായ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുന്ന ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
