കല്ലിക്കണ്ടി: കാൻസർ രോഗബാധിതനായ വിളക്കോട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് തണലൊരുക്കാൻ കല്ലിക്കണ്ടി എൻ.എ.എം കോളജ് മാനേജ്മെന്റും വിദ്യാർത്ഥികളും ജീവനക്കാരും കൈകോർക്കുന്നു. കുട്ടിക്കായി കോളജിന്റെ നേതൃത്വത്തിൽ ‘സ്നേഹവീട്’ നിർമ്മിച്ച് നൽകും.
വീട് നിർമ്മാണ ഫണ്ടിലേക്കുള്ള ഖത്തർ സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും എം.ഡിയുമായ കെ. സൈനുൽ ആബിദിന്റെ 2.5 ലക്ഷം രൂപയുടെ ധനസഹായം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ പാറക്കൽ അബ്ദുല്ല, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കരീം ചേലേരി, കോളജ് കമ്മിറ്റി പ്രസിഡന്റ് അടിയോട്ടിൽ അമ്മത്, ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് എന്നിവർ സംസാരിച്ചു. കോളജ് കുടുംബവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് വിദ്യാർത്ഥിക്കായുള്ള തണൽ ഭവന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
