പാനൂർ: പാനൂർ മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ വിവിധയിടങ്ങളിൽ കരയിടിച്ചിലും മണ്ണിടിച്ചിലും സംരക്ഷണ മതിലുകൾ തകരുകയും ചെയ്തിട്ടുണ്ട്.
പെരിങ്ങത്തൂർ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും മണ്ണിടിച്ചിൽ ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തര മുൻകരുതലുകളാണ് നഗരസഭയും ദുരന്തനിവാരണ സേനയും സ്വീകരിച്ചിട്ടുള്ളത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനപ്രതിനിധികളുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സുസജ്ജമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
