പാനൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ അധ്യാപകനും ബി.ജെ.പി മുൻ പ്രാദേശിക നേതാവുമായ കെ. പദ്മരാജന് അനുവദിച്ച ജാമ്യം റദ്ദാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പാനൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ബി.ജെ.പിയുമായി ചേർന്ന് പാലത്തായിയിലെ ഇരയായ പെൺകുട്ടിയെ ചതിച്ച യു.ഡി.എഫ് നിലപാടിനെതിരെ പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിക്കും. കെ.കെ. രാഗേഷ്, പി. ഹരീന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിക്കും.
തലശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ച പ്രതിക്ക് അടുത്തിടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ വ്യാപകമായ അമർഷമാണ് ഉയരുന്നത്. രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ഇരയ്ക്ക് നീതി ലഭിക്കുന്നത് ഉറപ്പാക്കണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും.
