പാനൂർ: പാലത്തായി പീഡനക്കേസിലെ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനും പ്രോസിക്യൂഷനുമെതിരെ അതിരൂക്ഷ വിമർശനം ഉയരുന്നു. പത്തു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് നൽകിയ ജീവിതാവസാനം വരെയുള്ള തടവുശിക്ഷ മരവിപ്പിക്കാൻ ഇടയായത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ വീഴ്ച മൂലമാണെന്നാണ് ആരോപണം.
കേസ് നടത്തിപ്പിനായി പരിചയസമ്പന്നരായ മുതിർന്ന അഭിഭാഷകരെ നിയോഗിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡിജിപി ഓഫീസ് അത് അവഗണിക്കുകയായിരുന്നു. പ്രതിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകർ സ്വീകരിച്ച നിസംഗത പ്രതിയെ സഹായിക്കാനാണോ എന്ന സംശയവും ശക്തമാണ്.
പ്രതിയുടെ അപ്പീലും ഇരയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് പാനൂർ സ്റ്റേഷനിലെ വനിതാ ഓഫീസർ നേരിട്ടെത്തി മാതാവിനെ ബോധ്യപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കാതെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവം വിവാദമായതോടെ വനിതാ ഓഫീസർ വീട്ടിലെത്തുകയും, മാതാവ് ഹൈക്കോടതിയിൽ നേരിട്ടെത്തി ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വ. സൂരജ് എരഞ്ഞിക്കലിനെ വക്കീലായി നിയമിക്കുകയും ചെയ്തു. പ്രോസിക്യൂഷന്റെ ഇത്തരം നടപടികൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിക്കപ്പെടുന്നു.
