തലശ്ശേരി: തലശ്ശേരി ഒ.വി. റോഡിൽ പ്രവർത്തിച്ചിരുന്ന വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘത്തിന്റെ പേരിൽ നടന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പിൽ ഒരു പരാതി കൂടി. ചെണ്ടയാട് സ്വദേശിനി പി.കെ. ഷീജ നൽകിയ പരാതിയിലാണ് തലശ്ശേരി പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ വിഷയത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചായി ഉയർന്നു.
പരാതി പ്രകാരം, 2026 ഏപ്രിൽ 20 മുതൽ 22 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 11.10 ലക്ഷം രൂപയാണ് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണമോ വാഗ്ദാനം ചെയ്ത പലിശയോ തിരികെ നൽകിയില്ല. തുടർന്ന് സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ബന്ധപ്പെട്ടവർ ഒളിവിൽ പോവുകയുമായിരുന്നു.
സംഘം സെക്രട്ടറിയെയും ഭരണസമിതി അംഗങ്ങളെയും പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ കേസിൽ അറസ്റ്റിലായ സെക്രട്ടറി റിമാൻഡിൽ കഴിയുകയാണ്.
അതേസമയം, നിക്ഷേപ തുക തിരികെ നൽകണം, ബാക്കി പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം, തട്ടിപ്പിന്റെ സമഗ്ര അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം തലശ്ശേരി വ്യാപാര ഭവന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചിരുന്നു.
