Zygo-Ad

ചമ്പാടിൽ തെരുവുനായ ആക്രമണം കോഴിക്കൂട് തകർത്ത് നൂറോളം നാടൻ കോഴികളെ കൊന്നൊടുക്കി

 


അരയാക്കൂൽ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ വലിയ ആശങ്കയിലാണ്. ചമ്പാട് അരയാക്കൂലിലെ പച്ചോൾ സതീശന്റെ കോഴിവളർത്തൽ കേന്ദ്രത്തിലാണ് പുലർച്ചെയുണ്ടായ തെരുവുനായ ആക്രമണത്തിൽ നൂറോളം നാടൻ കോഴികൾ ചത്തൊടുങ്ങിയത്. സംഭവത്തിൽ ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായ്ക്കൾ കോഴിക്കൂട് തകർത്ത് അകത്ത് കടന്നത്. കൂട്ടമായി എത്തിയ നായ്ക്കൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഴികളെ ആക്രമിച്ച് കൊന്നൊടുക്കുകയായിരുന്നു. രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്. നിരവധി കോഴികളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

സതീശന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നാണ് നാടൻ കോഴി വളർത്തൽ. പ്രതിദിനം ഏകദേശം നാല്പതുമുട്ടകൾ ലഭിച്ചിരുന്നതായും, ആക്രമണത്തെ തുടർന്ന് വരും ദിവസങ്ങളിലെ വരുമാനവും പൂർണ്ണമായും നിലച്ച സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴികളുടെ വില മാത്രമല്ല, ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന മുട്ട ഉൽപ്പാദനത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവമറിഞ്ഞ് വെറ്റിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.



വളരെ പുതിയ വളരെ പഴയ