Zygo-Ad

പെരിങ്ങത്തൂർ ഏരിയയിലെ ഭാരത് ഗ്യാസ് ഉപഭോക്താക്കളെ മറ്റൊരു ഏജൻസിക്ക് കീഴിലാക്കാൻ നീക്കം: പ്രതിഷേധത്തിനൊരുങ്ങി ഉപഭോക്താക്കൾ

 


പെരിങ്ങത്തൂർ: പാനൂർ നഗരസഭാ പരിധിയിലെ പെരിങ്ങത്തൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഭാരത് ഗ്യാസ് ഏജൻസിക്ക് കീഴിലുള്ള ഉപഭോക്താക്കളെ മറ്റൊരു ഏജൻസിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേഖലയിലെ നിരവധി ഉപഭോക്താക്കളെ ഇതിനകം തന്നെ പൊയിലൂരിലെ ഏജൻസിയിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ള പൂക്കോം പ്രദേശത്തെ പൂർണ്ണമായും പൊയിലൂർ ഏജൻസിക്ക് കീഴിലാക്കിയതിന് പിന്നാലെയാണ് പെരിങ്ങത്തൂർ ഏരിയയെയും മാറ്റാൻ ശ്രമം നടക്കുന്നത്.

ഇത്തരമൊരു നീക്കം നിലവിൽ വന്നാൽ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് കടുത്ത യാത്രാബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരും. നിലവിൽ നഗരസഭാ പരിധിയിലുള്ളവർക്ക് 25 ദിവസത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുമ്പോൾ, പഞ്ചായത്ത് പരിധിയിലുള്ള ഏജൻസിയിലേക്ക് മാറ്റിയാൽ 45 ദിവസത്തിന് ശേഷമേ അടുത്ത ബുക്കിംഗ് സാധ്യമാകൂ എന്നതാണ് പ്രധാന പ്രതിസന്ധി.

ഇതിനുപുറമേ കണക്ഷനുമായി ബന്ധപ്പെട്ട രേഖാ തിരുത്തലുകൾക്കും മറ്റ് അടിയന്തര സേവനങ്ങൾക്കുമായി ദൂരെയുള്ള ഏജൻസിയെ ആശ്രയിക്കേണ്ടി വരുമെന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഉപഭോക്താക്കളുടെ അഭിപ്രായമോ സൗകര്യമോ പരിഗണിക്കാതെ ഏകപക്ഷീയമായി നടത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഭാരത് ഗ്യാസ് കമ്പനി അധികൃതരും അടിയന്തരമായി ഇടപെട്ട് വ്യക്തത വരുത്തണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ