പാനൂർ: പാനൂർ നഗരസഭയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി കെ.എസ്.ആർ.ടി.സി. ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ചു. പാനൂർ നഗരസഭാ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചറും മറ്റ് കൗൺസിലർമാരും ട്രയൽ റണിന്റെ ആദ്യ യാത്രയിൽ പങ്കാളികളായി.
നഗരസഭയിലെ ഉൾപ്രദേശങ്ങളിലെയും ഇടറോഡുകളിലെയും യാത്രാക്ലേശം പരിഹരിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതാണ് പദ്ധതി. ഗ്രാമവണ്ടി ഉടൻ തന്നെ പാനൂരിലെ റോഡുകളിൽ ഔദ്യോഗികമായി സർവീസ് ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ബസിന്റെ റൂട്ടുകൾ, സമയക്രമം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടും.
