Zygo-Ad

ചമ്പാട് എംഡിഎംഎ വേട്ട: പ്രതികളുടെ ബംഗളൂരു ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

 


പാനൂർ: ചമ്പാട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിലായ സംഭവത്തിൽ പ്രതികളുടെ ബംഗളൂരു ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൂത്തുപറമ്പ് കോട്ടയം മലബാർ സ്വദേശികളായ യുവാക്കൾ ബംഗളൂരുവിലെ ലഹരി മാഫിയയുമായുള്ള ബന്ധം ഉപയോഗിച്ചാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇവർക്ക് മൊത്തമായി എംഡിഎംഎ കൈമാറുന്ന സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

താഴെ പാറേമ്മൽ അബ്ദുൽ സലാം, ഇലച്ച പറമ്പത്ത് മുഹമ്മദ് ഹാരിസ്, നീർക്കുന്നുമ്മൽ എം. റിയാസ്, പുത്തൻപുരയിൽ കെ. ആഷിഫ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായവരിൽ മുഹമ്മദ് ഹാരിസിന് കോട്ടയം മലബാർ സ്കൂളിന് സമീപം തട്ടുകടയുണ്ട്. മറ്റൊരു പ്രതിയായ അബ്ദുൽ സലാം മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ റോഡിൽ വച്ചാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികൾ സഞ്ചരിച്ച ഥാർ ജീപ്പ് പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 0.43 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ അരലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു. ലഹരി വിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം വലയിലായത്. പാനൂർ എസ്.ഐമാരായ മുഹമ്മദ് ഷജീർ, മുഹമ്മദ് സഹദ്, കെ. റജിലേഷ്, മരിയ പ്രിൻസ്, എസ്.സി.പി.ഒമാരായ ജിജിൽ, ലിനീഷ്, സിജിൻ എന്നിവരും സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീം എസ്.ഐ ഷജീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


വളരെ പുതിയ വളരെ പഴയ