പാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. പാനൂർ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ ഫോട്ടോ അനാച്ഛാദനം പി.കെ. പ്രവീൺ എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എയ്ക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരസമർപ്പണം പാനൂർ നഗരസഭാ അധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി കെ.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ, കൗൺസിലർമാരായ ഷമീന സുബൈർ, ആബിദ അഷ്റഫ്, ജസിത സുരേന്ദ്രൻ, കെ.കെ. സറീന, ടി. മുഹമ്മദ് നജീർ, സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഇ. മഹമൂദ്, കെ.ടി. ശ്രീധരൻ, ബി.ടി. അബ്ദുള്ള എന്നിവർ സംസാരിച്ചു.
