Zygo-Ad

വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ മൂന്നാം നാളും കണ്ടെത്താനായില്ല: 19 കാരനായുള്ള തിരച്ചിൽ തുടരുന്നു


നാദാപുരം: ഒഴുക്കിൽപെട്ട് കാണാതായ നിഗം മൂന്നാം ദിവസവും കാണാമറയത്ത്. വിലങ്ങാട് പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരനായുള്ള തിരച്ചില്‍ മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല.

സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉള്‍പ്പെടുത്തി തിരച്ചില്‍ ഊർജിതമാക്കാനാണ് തീരുമാനം. നാദാപുരം എംഎല്‍എ കെ എം അഭിജിത്തിന്റെയും വാണിമേല്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂറിന്റെയും നിർദേശപ്രകാരം ഇന്ന് രാവിലെ 8 മണി മുതല്‍ പൊതു തെരച്ചില്‍ നടത്താൻ തീരുമാനിച്ചു.

യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികള്‍, യുവജന ക്ലബ്ബുകളുടെ പ്രവർത്തകർ, മോട്ടോർ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തുറകളില്‍ പ്പെട്ടവരും പുഴയില്‍ തെരച്ചില്‍ നടത്താൻ തയ്യാറാകണമെന്നും നാളെ നടക്കുന്ന ജനകീയ റസ്‌ക്യൂ യജ്ഞത്തിന് രാവിലെ 8 മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം എത്തിച്ചേരണമെന്നും നേതൃത്വം അഭ്യർത്ഥിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുന്നത്.

ഞായറാഴ്ച മുതല്‍ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതല്‍ മുടിക്കല്‍പാലം വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. 

തുടർന്ന് ഇന്നലെ, വിലങ്ങാട്ടു നിന്ന് 15 കിലോ മീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തില്‍ മുങ്ങി പരിശോധനയും നടത്തി.

പുഴയുടെ തുടക്കഭാഗങ്ങളില്‍ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞു കൂടിയതും പാറകള്‍ക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.

സ്ഥലത്തെത്തിയ വടകര തഹസില്‍ദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലും കെ.എം. അഭിജിത്ത് എം.എല്‍.എയുടെ സാന്നിധ്യത്തിലും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ