കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക പോലീസിന്റെ പിടിയിലായി. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യയാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി ശൃംഖലകൾക്കെതിരെ നടന്നുവരുന്ന പരിശോധനയിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. വടകരയിൽ നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായ കീർത്തന എന്ന അധ്യാപികയെ ചോദ്യം ചെയ്തതോടെയാണ് സഹപ്രവർത്തകയായ കാവ്യയുടെ പങ്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
മയക്കുമരുന്ന് കടത്തിൽ ഇവർ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ വഴിയാണ് പ്രധാനമായും പണമിടപാടുകൾ നടന്നത്. അക്കൗണ്ടുകളിലേക്ക് വൻതുക എത്തിയതിന്റെ ഉറവിടത്തെക്കുറിച്ചും ലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
