പാനൂർ: നിർദ്ദിഷ്ട പെരിങ്ങത്തൂർ - കൂത്തുപറമ്പ് - മട്ടന്നൂർ എയർപോർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തുകയും, തുടർന്ന് 2026 ജൂൺ 9ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് ജനങ്ങൾക്ക് പരാതികൾ നൽകാനുള്ള അവസരം അധികൃതർ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി വി ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ എന്നിവരെ നേരിൽ കണ്ടാണ് യുഡിഎഫ് നേതാക്കൾ നിവേദനം കൈമാറിയത്. യുഡിഎഫ് നേതാക്കളായ പി പി എ സലാം, കെ പി സാജു, വി നാസർ മാസ്റ്റർ, ഹരിദാസ് മൊകേരി, മുഹമ്മദ് ചൊക്ലി, സാബിർ കീഴ്മാടം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ജനങ്ങളുടെ ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയതായും ഇതിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായും നേതാക്കൾ അറിയിച്ചു.
