മൊകേരി:മൊകേരി ഗ്രാമപഞ്ചായത്തിലെ10, 11 വാർഡുകളിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് മൊകേരി പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേരും. പി.കെ. പ്രവീൺ എം.എൽ.എയുടെ സാന്നിധ്യത്തിലായിരിക്കും യോഗം നടക്കുക.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ ഈ അടിയന്തര യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ, കുടിവെള്ള സ്രോതസ്സുകളുടെ പരിശോധന, ശുചിത്വ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം
ഷിഗെല്ലോസിസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തിവരികയാണ്.
പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി പ്രദേശവാസികളുടെ പൂർണ്ണ സഹകരണവും ജാഗ്രതയും അനിവാര്യമാണെന്ന് അധികൃതർ അറിയിചു
