പാനൂർ: റോഡ് നിർമാണത്തിനാവശ്യമായ സാധനസാമഗ്രികൾ ഇറക്കി സൂക്ഷിക്കുന്നതിന്റെ മറവിൽ ഒരേക്കറോളം വരുന്ന വയൽ മണ്ണിട്ടു നികത്തി. അണിയാരം കടവത്തൂർ റോഡിൽ കുനിയിൽ പീടിക സർവീസ് സെന്ററിന് സമീപത്തെ കണിയാറക്കൽ താഴെ വയലാണ് പകുതിയോളം നികത്തിയതായി കണ്ടെത്തിയത്. റോഡ് നവീകരണത്തിനായുള്ള ജല്ലിയടക്കമുള്ള സാധനങ്ങൾ വയലിന്റെ മുൻഭാഗത്തിറക്കി പിൻഭാഗം മണ്ണിട്ടുമൂടുകയായിരുന്നു.
ലോറിയിൽ മണ്ണ് കൊണ്ടുവന്നു വയലും സമീപം റോഡിന് കുറുകെ ഒഴുകുന്ന വണ്ണാത്തിത്തോടും നികത്തുന്നുവെന്ന പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരിങ്ങളം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചത്. ടിപ്പർ ലോറിയിൽ മണ്ണു കൊണ്ടുവന്നു വയലിൽ ഇറക്കുന്നത് നേരിട്ടുകണ്ടു ബോധ്യപ്പെട്ട വില്ലേജ് ഓഫീസർ തലശേരി തഹസിൽദാറുടെ നിർദേശപ്രകാരം ലോറി കസ്റ്റഡിയിലെടുത്തു. തുടർന്ന് പിഴ ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നു.
മഴ പെയ്തുതുടങ്ങിയതോടെ സമീപത്തെ വീട്ടുമുറ്റത്തടക്കം വെള്ളംകയറുകയും വണ്ണാത്തി തോട്ടിലൂടെയുള്ള ഒഴുക്ക് നിലക്കുകയും ചെയ്തതോടെയാണ് വയൽ നികത്തുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. കടവത്തൂർ സ്വദേശിയുടെ പേരിലാണ് നിലവിൽ ഈ വയൽഭൂമിയുള്ളതെങ്കിലും മേഖലയിലെ ഭൂമാഫിയ സംഘമാണ് വയൽ നികത്തലിന് പിന്നിലുള്ളതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
