Zygo-Ad

പാനൂർ കൂറ്റേരിയിലെ പനി മരണം ഷിഗെല്ല മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

 


പാനൂർ: കഴിഞ്ഞ ദിവസം പനി ബാധിച്ച് മരണപ്പെട്ട കൂറ്റേരി സ്വദേശി ശ്യാം കൃഷ്ണയുടെ (30) മരണം ഷിഗെല്ല രോഗബാധ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂൺ 11-നാണ് പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്യാം കൃഷ്ണ മരണമടഞ്ഞത്. 

മരണത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സച്ചിൻ അടക്കമുള്ള ഉയർന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൂറ്റേരിയിലെ വീട്ടിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. മൊകേരി പഞ്ചായത്തിലും നേരത്തെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

മേഖലയിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായ പശ്ചാത്തലത്തിൽ പാനൂർ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.

 

വളരെ പുതിയ വളരെ പഴയ