കൊളവല്ലൂർ പോലീസ് പരിധിയിൽ നടത്തിയ വ്യാപക പരിശോധനയിൽ വൻ ചൂതാട്ടസംഘങ്ങളെ പോലീസ് പിടികൂടി. കല്ലിക്കണ്ടി തൃപ്പങ്ങോട്ടൂർ പറോളിക്കാവ് കോച്ചേരിപ്പീടികയിലെ പറമ്പിൽ വെച്ച് നടത്തിയ റെയ്ഡിൽ പതിമൂന്ന് പേരെ കൊളവല്ലൂർ എസ് ഐ ടി കെ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പാലത്തായി സ്വദേശികളായ എം ജിതേഷ്, എം പി ഷിബിത്ത്, പുല്ലൂക്കര സ്വദേശികളായ വി പി അബ്ദുറഹ്മാൻ, പി പി ബിബിൻ, പാനൂർ സ്വദേശി ശ്രീലാൽ, മരുന്നൻപൊയിൽ സ്വദേശി സുനിൽകുമാർ, കരിയാട് സൗത്ത് സ്വദേശി എം പി ബഷീർ, തൂവക്കുന്ന് സ്വദേശി എം പവിത്രൻ, കൈവേലിക്കൽ സ്വദേശി കെ വി ഷിനോജൻ, വിളക്കോട്ടൂർ സ്വദേശികളായ ആർ പി അശോകൻ, കെ കെ ഉമേഷ് കുമാർ, പുത്തൂർ സ്വദേശി എം വി മനോഹരൻ, കടവത്തൂർ സ്വദേശി എം കെ സജീവൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1,00,920 രൂപയും പോലീസ് പിടിച്ചെടുത്തു.
തൃപ്പങ്ങോട്ടൂർ ചെറ്റക്കണ്ടിയിൽ നടത്തിയ മറ്റൊരു പരിശോധനയിലും ചൂതാട്ടസംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവിടെ നിന്ന് ചെറ്റക്കണ്ടി സ്വദേശി എം പി അരവിന്ദൻ, വടകര വില്യാപള്ളി സ്വദേശി എം മധു, കണ്ണങ്കോട് സ്വദേശി കെ പി അബ്ദുള്ള, കല്ലിക്കണ്ടി സ്വദേശി കെ കെ ഉത്തമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2640 രൂപയും പിടിച്ചെടുത്തു. ഗ്രേഡ് എ എസ് ഐ രാജീവൻ, സീനിയർ സി പി ഒമാരായ പ്രജീഷ്, രജിലേഷ്, സി പി ഒമാരായ അജീഷ്, ജിനേഷ്, ശ്യാമിനി, അനൂപ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
