കണ്ണൂർ: പാനൂരില്‍ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്.
ബസ് സ്റ്റാന്റില്‍ വച്ച് പ്രതി മർദിച്ചതിന് പിന്നാലെയാണ് അധ്യാപിക ജീവനൊടുക്കിയത്.
കണ്ണൂർ പാനൂരില്‍ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
കുടുംബത്തിന്റെ പരാതിയില്‍ കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ കഴിഞ്ഞ് 14നാണ് വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കണ്ണൂർ സർവകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ. ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
എന്നാല്‍ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡില്‍ വച്ച് ഇയാള്‍ ആദിത്യയെ മർദിച്ചുവെന്നും അതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. കാമുകൻ ആദിത്യയെ മർദിച്ചിരുന്നതായും ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും ആദിത്യയുടെ ബന്ധു വിനോദ് പറഞ്ഞു.
