Zygo-Ad

ഷിഗെല്ല രോഗബാധ: കെ പ്രവീൺ എംഎൽഎയുടെ അധ്യക്ഷതയിൽ മൊകേരിയിൽ അടിയന്തര അവലോകന യോഗം ചേർന്നു


 മൊകേരി: മൊകേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിലായി രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂത്തുപറമ്പ് എം എൽ എ കെ പ്രവീണിന്റെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. മൊകേരി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് കുടിവെള്ള പരിശോധന നടത്താൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകി. രോഗ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാനും സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സ്ക്വാഡുകൾ പ്രവർത്തിക്കും.

പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ നാല് വയസ്സുള്ള കുട്ടിക്കും പത്താം വാർഡിലെ എട്ട് വയസ്സുള്ള കുട്ടിക്കുമാണ് രോഗം ബാധിച്ചത്. ജൂൺ എട്ടിന് വയറിളക്കം, ചർദ്ദി, പനി, മലത്തിൽ രക്തം എന്നീ ലക്ഷണങ്ങളോടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നാല് വയസ്സുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ജൂൺ പത്തിന് സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ട് വയസ്സുകാരനും ഷിഗെല്ലയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സംഘം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചു. നിലവിൽ കുട്ടികളുടെ കുടുംബാംഗങ്ങൾക്കോ സമീപവാസികൾക്കോ മറ്റ് രോഗലക്ഷണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷിതമായ കുടിവെള്ള ഉപയോഗത്തെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും പ്രദേശവാസികൾക്ക് ബോധവൽക്കരണം നൽകി.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫീവർ സർവേ നടത്തുകയും കുട്ടികളുടെ വീട്ടിലെ കിണറുകളിൽ നിന്നും വാട്ടർ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താനും നടപടി സ്വീകരിച്ചു. അവലോകന യോഗത്തിൽ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ, വൈസ് പ്രസിഡന്റ് ജയപ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി കെ പുഷ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ