പാനൂർ: എലാങ്കോട്, പാലത്തായി ജനവാസ മേഖലകളിൽ നാശനഷ്ടങ്ങളും ഭീതിയും സൃഷ്ടിച്ചിരുന്ന എട്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ദീർഘനാളായി ഈ പ്രദേശത്ത് പന്നിശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം പാലത്തായിൽ വെച്ച് ബൈക്ക് യാത്രികന് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്.
വാർഡ് കൗൺസിലർമാരുടെ ഇടപെടലിനെത്തുടർന്ന് നഗരസഭ നടത്തിയ അഭ്യർത്ഥന പ്രകാരമാണ് നടപടി. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് പാനൽ ഷൂട്ടർ സി.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നികളെ വെടിവെച്ചത്. പന്നികളെ തുരത്തിയതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്. ഷൂട്ടറെ അഭിനന്ദിക്കാൻ നിയുക്ത എം.എൽ.എ പി.കെ. പ്രവീൺ, മുൻ മന്ത്രി കെ.പി. മോഹനൻ, നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ, വാർഡ് കൗൺസിലർമാരായ അൻസത്ത് മീത്തൽ, സജിത അനീവൻ, ബൈജു എം.പി എന്നിവർ സ്ഥലത്തെത്തി.
