പാനൂർ: വിദേശിയും സ്വദേശിയുമായ ഒട്ടേറെ പഴവർഗങ്ങളും സുഗന്ധദ്രവ്യ മരങ്ങളുമായി ചൊക്ലി നിടുമ്പ്രത്തെ അജന്ത എന്ന വീട് ഒരു അത്ഭുതത്തോട്ടമായി മാറുന്നു. വിരമിച്ച അധ്യാപക ദമ്പതികളായ ശ്രീവത്സനും ശ്രീജയുമാണ് തങ്ങളുടെ വിശ്രമജീവിതം വൈവിധ്യമാർന്ന ഈ കൃഷിക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇവരുടെ ഫ്രൂട്ട് ഗാർഡനിൽ ഇല്ലാത്ത പഴവർഗങ്ങൾ ചുരുക്കമാണെന്ന് പറയാം.
റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, ഡ്രാഗൺ ഇസ്രായിൽ യെലോ, തെക്കേ അമേരിക്കൻ സ്വദേശിയായ പീനട്ട് ബട്ടർ, ഇളനീരിന്റെ രുചിയുള്ള ഓസ്ട്രേലിയൻ അഭിയു, വായിൽ മണിക്കൂറുകളോളം മധുരം നിലനിർത്തുന്ന ആഫ്രിക്കൻ മിറാക്കിൾ ഫ്രൂട്ട് എന്നിവ ഈ തോട്ടത്തിലുണ്ട്. കൂടാതെ രണ്ടു വർഷം കൊണ്ട് കായ്ഫലം നൽകുന്ന വിയറ്റ്നാം സൂപ്പർ ഏർളി ഓറഞ്ച് പ്ലാവ്, മലേഷ്യൻ മാങ്കോസ്റ്റിൻ, പുലാസാൻ, മരക്കമ്പുകളിൽ കായ്ക്കുന്ന ബ്രസീലിയൻ മരമുന്തിരിയായ ജബോട്ടി കാബ ഉൾപ്പെടെയുള്ള വിദേശ ഇനങ്ങളാൽ സമ്പന്നമാണിവിടം.
ഏകദേശം പത്ത് സെന്റോളം വരുന്ന തോട്ടത്തിൽ കാരോണ്ട് ബേക്കറി, വെസ്റ്റ് ഇന്ത്യൻ, ചെറുമി എന്നീ മൂന്ന് തരം ചെറികളും, മൂന്നിനം ചാമ്പകളും, റെഡ്‌ലേഡി പപ്പായ, പേരക്ക, വെള്ള ഞാവൽ, ക്യൂൻ കൈതച്ചക്ക, മാതളനാരങ്ങ, ലിച്ചി, ജാതിക്ക, മധുരപ്പുളി, മുള്ളൻചക്ക, കുറ്റി തെക്കൻ കുരുമുളക് തുടങ്ങിയവയും വിളഞ്ഞുനിൽക്കുന്നു. അറേബ്യൻ ഊദ്, ചന്ദനം തുടങ്ങിയ വിലയേറിയ സുഗന്ധദ്രവ്യമരങ്ങളും ഈ തോട്ടത്തിന് അലങ്കാരമായുണ്ട്. ചാണകം, കോഴിക്കാഷ്ടം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, അഴുകിയ ഇലകൾ തുടങ്ങിയ ജൈവവളങ്ങളാണ് കൃഷിക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.
ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീവത്സൻ കഴിഞ്ഞ ഒമ്പത് വർഷമായി ഈ സ്വപ്നത്തോട്ടം ഒരുക്കാനുള്ള ശ്രമത്തിലാണ്. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ ശ്രീജയും സർവീസിൽ നിന്ന് വിരമിച്ചതോടെ പൂർണ്ണ പിന്തുണയുമായി ഒപ്പം കൂടി. കൃഷിയിലെ മികവിന് 2022ൽ ചൊക്ലി പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള ആദരവും ശ്രീവത്സന് ലഭിച്ചിട്ടുണ്ട്. നിടുമ്പ്രം മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.
