Zygo-Ad

പാറാട് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി മൂന്ന് മാസത്തിന് ശേഷം പോലീസ് പിടികൂടി


 പാനൂർ പാറാട് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി കടന്നുകളഞ്ഞ ടാങ്കർ ലോറിയെ മൂന്ന് മാസത്തെ നീണ്ട അന്വേഷണത്തിനൊടുവിൽ പാനൂർ പോലീസ് പിടികൂടി. കഴിഞ്ഞ ജനുവരി 28ന് അർദ്ധരാത്രി പാറാട് കൃഷി വകുപ്പ് ഓഫീസിന് സമീപത്തെ തോട്ടിലാണ് ടാങ്കർ മാലിന്യം തള്ളിയത്. നീരൊഴുക്ക് കുറഞ്ഞതോടെ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസിയായ സുധീർ മീത്തൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പാനൂരിലെയും പരിസരങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മൂവാറ്റുപുഴ സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് കണ്ടെത്തിയത്. എഎസ്ഐ കെ. ബൈജു, സിവിൽ പോലീസ് ഓഫീസർ വിജിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ കണ്ണൂർ സ്വദേശി സമാന്റെ ഉടമസ്ഥതയിലുള്ള കെഎൽ 58 ഇസഡ് 6761 എന്ന വാഹനമാണ് പിടിയിലായത്. കൃത്യം നടക്കുമ്പോൾ കണ്ണൂർ സ്വദേശി മുഹമ്മദ് ഫായിസാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. എസ്ഐ ഷജീർ, എഎസ്ഐ നിവേദ് എന്നിവർ ചേർന്നാണ് കണ്ണൂരിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ലോറി കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പാനൂർ എസ്ഐ ശരത് പി.ആർ അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ