പാനൂർ: നൂറുകണക്കിന് കുരുന്നുകൾക്ക് വിദ്യയുടെ ആദ്യാക്ഷരം പകർന്നുനൽകിയ ഗുരു മുനി നാരായണ പ്രസാദിന്റെ സ്മരണകളിൽ പാനൂർ മേക്കുന്നിലെ കനകമല. ആത്മീയ രംഗത്തെ ജ്വലിക്കുന്ന സൂര്യനും ഗുരുപരമ്പരയിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന അദ്ദേഹം കനകമലയിലെ ഗുരുകുലവുമായി ദശാബ്ദങ്ങൾ നീണ്ട ആത്മബന്ധം പുലർത്തിയിരുന്നു.
2022 വരെ നീണ്ട വർഷങ്ങളിൽ കനകമലയിലെ ഗുരുകുലത്തിൽ അദ്ദേഹം സ്ഥിരമായി എത്തുകയും പ്രഭാഷണങ്ങൾക്കും ധ്യാന ശിബിരങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തിരുന്നു. പ്രകൃതിരമണീയമായ കനകമലയിലെ ശാന്തമായ അന്തരീക്ഷത്തിൽ അദ്ദേഹം നടത്തിയിരുന്ന ആത്മീയ പ്രബോധനങ്ങൾ പ്രദേശവാസികൾക്ക് വലിയ മാർഗ്ഗനിർദ്ദേശമാണ് നൽകിയിരുന്നത്. ആത്മീയതയ്ക്കൊപ്പം തന്നെ സാമൂഹിക ഇടപെടലുകളിലും അദ്ദേഹം സജീവമായിരുന്നു.
പ്രദേശത്തെ നിരവധി കുട്ടികൾക്ക് വിദ്യാരംഭ വേളയിൽ ആദ്യാക്ഷരം കുറിച്ചുനൽകിയത് മുനി നാരായണ പ്രസാദായിരുന്നു. സാധാരണക്കാരായ ജനങ്ങൾക്കിടയിൽ അദ്ദേഹം ഇത്രയേറെ പ്രിയങ്കരനാകാൻ കാരണവും ഈ ഹൃദയബന്ധമായിരുന്നു. മുൻപ് ഗുരു നിത്യചൈതന്യ യതിയോടൊപ്പം കനകമലയിൽ ദിവസങ്ങളോളം അദ്ദേഹം ചിലവഴിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കനകമലയിലെ ആത്മീയ സമൂഹത്തിനും ഗുരുകുലത്തിനും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
