പാനൂർ: തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം കണ്ടെത്തിയതിനെത്തുടർന്ന് പിഴ ചുമത്തി. സ്കൂളിന് പിന്നിലെ കളിസ്ഥലത്തെ മതിലിന് സമീപം ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ നിക്ഷേപിച്ച നിലയിലായിരുന്നു.
പുസ്തകങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ കപ്പുകൾ, കുടിവെള്ള കുപ്പികൾ, ശീതളപാനീയ കുപ്പികൾ തുടങ്ങിയവയാണ് വലിയ തോതിൽ ഇവിടെ കൂട്ടിയിട്ടിരുന്നത്. ഹരിത കർമ്മ സേന സ്കൂളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അവ പൂർണ്ണമായി കൈമാറാൻ സ്കൂൾ അധികൃതർ തയ്യാറായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 25,000 രൂപയാണ് പിഴയൊടുക്കാൻ നിർദ്ദേശം നൽകിയത്. കൂടാതെ സ്കൂളിന് നേരത്തെ നൽകിയ ശുചിത്വ പദവി റദ്ദാക്കാൻ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. കളിസ്ഥലത്ത് നിക്ഷേപിച്ച മാലിന്യങ്ങൾ സ്കൂൾ അധികൃതരുടെ സ്വന്തം ചെലവിൽ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കണം. എൻഫോഴ്‌സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. രാഖി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
