Zygo-Ad

ചമ്പാട് തെരുവുനായ ആക്രമണത്തിൽ യുവാവിന് പരിക്ക്, കൈ ഒടിഞ്ഞു


പാനൂർ: ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കിഴക്കെ ചമ്പാട് കുറിച്ചിക്കര റേഷൻ പീടികയ്ക്ക് സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന്റെ കൈ ഒടിഞ്ഞു.

 അബുദാബിയിലേക്ക് പോകാനിരുന്ന നദീര മൻസിലിൽ നൗഫലിനാണ് പരിക്കേറ്റത്. മൂന്ന് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയ നൗഫൽ ബുധനാഴ്ച ഗൾഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം.

തിങ്കളാഴ്ച രാത്രി പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങിയെത്തിയ നൗഫൽ വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ തെരുവുനായ്ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.

 ഇവയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ നൗഫലിന്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചതോടെ നൗഫലിന്റെ ഗൾഫ് യാത്രയും തൊഴിൽപരമായ ആവശ്യങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നൗഫലിന്റെ സഹോദരി നദീരയ്ക്കും തെരുവുനായ്ക്കളുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് അപകടം ഒഴിവായത്. 

കുന്നോത്ത് പീടികയിൽ നിന്ന് പൂക്കോം ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരനെയും കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കൾ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു. മേഖലയിൽ തെരുവുനായ ശല്യം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി.

വളരെ പുതിയ വളരെ പഴയ