പാനൂർ :പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്ന് ആറ് ബോംബുകൾ പോലീസ് കണ്ടെടുത്തു. ബോൾ ഐസ്‌ക്രീമിൻ്റെ ഒഴിഞ്ഞ കണ്ടെയ്‌നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളും ഒരു നാടൻ ബോംബുമാണ് പിടിച്ചെടുത്തത്.
ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് അതിനു മുകളിൽ നിരത്തി വെച്ച നിലയിലായിരുന്നു ബോംബുകൾ. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് പോലീസ് സംഘം ബോംബുകൾ കസ്റ്റഡിയിലെടുക്കുകയും വിദഗ്ധ സംഘമെത്തി അവ നിർവീര്യമാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം പാനൂർ ചിത്രവയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പോലീസ് കണ്ടെടുത്തിരുന്നു. മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
