Zygo-Ad

കോവുമ്മൽ നാരായണി അമ്മയ്ക്ക് സിപിഐഎം കരിയാട് ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകും


 കരിയാട്: മയ്യഴി പുഴയുടെ തീരത്ത് പാനൂർ നഗരസഭയിലെ 25ാം വാർഡിൽ ഒറ്റപ്പെട്ടുകഴിയുന്ന കോവുമ്മൽ നാരായണി അമ്മയ്ക്ക് സിപിഐഎം കരിയാട് ലോക്കൽ കമ്മിറ്റി സ്നേഹവീട് ഒരുക്കും. ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തകർന്നുവീഴാറായ വീട്ടിൽ കഴിയുന്ന നാരായണി അമ്മയുടെ ദയനീയ അവസ്ഥ മീഡിയ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോക്കൽ കമ്മിറ്റിയുടെ ഇടപെടൽ.

72 വയസ്സുള്ള നാരായണി അമ്മ വിധവ പെൻഷൻ കൊണ്ട് മാത്രമാണ് ജീവിതം തള്ളിനീക്കുന്നത്. 2018ലെ പ്രളയത്തിൽ തകർന്ന വീട്ടിൽ അതിജീവനത്തിനായി പൊരുതുകയായിരുന്നു ഈ വൃദ്ധ. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാൻ എല്ലാ അർഹതയുമുണ്ടായിട്ടും ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് നാരായണി അമ്മ പറയുന്നു. സ്വന്തമായുള്ള മൂന്നര സെന്റ് സ്ഥലത്ത് വീടിനായി തറ കെട്ടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിർമാണം മുടങ്ങുകയായിരുന്നു.

തിരഞ്ഞെടുപ്പ് കാലങ്ങളിൽ വോട്ട് ചെയ്യിക്കാൻ രാഷ്ട്രീയ പ്രവർത്തകർ എത്താറുണ്ടെങ്കിലും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം മാത്രം യാഥാർത്ഥ്യമായിരുന്നില്ല. മഴക്കാലത്ത് അയൽവീടുകളിൽ അഭയം തേടേണ്ടി വരുന്ന ഇവരുടെ അവസ്ഥ വാർത്തയായതോടെ സിപിഐഎം നേതാക്കളായ ലോക്കൽ സെക്രട്ടറി കെ പി ചന്ദ്രൻ, കൗൺസിലർ എം ടി കെ ബാബു, ഇ കെ മനോജ്, പി കെ നിജീഷ് എന്നിവർ നാരായണി അമ്മയെ സന്ദർശിച്ച് വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകി.

 

വളരെ പുതിയ വളരെ പഴയ