പൊയിലൂർ: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കുനിയിൽ മഠപ്പുരയ്ക്ക് സമീപമുള്ള പറമ്പിൽ ഉപേക്ഷിച്ച നിലയിൽ നാടൻ ബോംബും അഞ്ച് 'ഐസ്‌ക്രീം ബോംബും' കണ്ടെത്തിയെന്ന വിവരത്തെത്തുടർന്നാണ് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയത്.
എന്നാൽ, സാങ്കേതിക പരിശോധനയിൽ ഇവ ബോംബുകളല്ലെന്നും, കബളിപ്പിക്കലിനായി ബോംബ് രൂപത്തിൽ ഒരുക്കിയ വ്യാജവസ്തുക്കളാണെന്നും വ്യക്തമായി. വസ്തുക്കൾക്കുള്ളിൽ എം-സാൻ്റും കല്ലുകളും നിറച്ചാണ് ബോംബ് ആണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം നിർമ്മിച്ചിരുന്നത്.
ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കബളിപ്പിക്കൽ സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ഗുരുതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.ഐ അഖിൽ അറിയിച്ചു.
സമീപ കാലത്തായി ഈ പ്രദേശത്ത് വീടുപണിക്കിടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റ സംഭവം നിലനിൽക്കെ, പുതിയ കണ്ടെത്തൽ നാട്ടുകാരിൽ വലിയ ആശങ്ക പരത്തിയിരുന്നു.
സംഭവ സ്ഥലത്ത് കൂത്തുപറമ്പ് എ.സി.പി സിബി ടോം, കൊളവല്ലൂർ എസ്.ഐ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി.
