പാനൂർ: നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പാലത്തായിൽ കർഷകനായ രവീന്ദ്രൻ്റെ പത്തോളം വാഴകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പാലത്തായി, എലാങ്കോട്, കണ്ണംവെള്ളി തുടങ്ങിയ മേഖലകളിൽ വീട്ടുപറമ്പിലെ കൃഷികൾ പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
ഏറെ പ്രതീക്ഷയോടെ നട്ടുനനച്ചു വളർത്തുന്ന വാഴ, ചേമ്പ്, ചേന, പപ്പായ തുടങ്ങിയ വിളകളാണ് പന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്. പാലത്തായി പുഞ്ചവയൽ പ്രദേശം ഇപ്പോൾ പന്നിക്കൂട്ടങ്ങളുടെ താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണിവിടെ.
നഗരസഭയിൽ പന്നികളെ വെടിവെക്കാൻ ഷൂട്ടർ ഉണ്ടെങ്കിലും പ്രായോഗികമായി അത് ഫലം കാണുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. പന്നിയെ കണ്ട വിവരം അറിയിച്ചാലും ഷൂട്ടർ സ്ഥലത്തെത്തുമ്പോഴേക്കും അവ പിൻവാങ്ങുന്നതാണ് പതിവ്. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും നാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
